സ്വപ്നം മയങ്ങുമെന്‍ മാനസ്സകോവിലില്‍
ഒരു മിന്നാമിനുങ്ങായ് നീ വന്നനേരം
ആരും തുറക്കാത്ത ഹൃദയകവാടം ഞാന്‍
നിനക്കായ് തോഴാ തുറന്നു വെച്ചു
നിലാവില്‍ ചിരി തൂവും നിശാഗന്ധി പോലെ നീ
ഇന്നെന്റെ ഹൃദയത്തില്‍ കൂടുവെച്ചു
കൂട്ടിലൊരായിരം കിളികള്‍ വന്നു
നറുതേന്‍ പൂവുമായ് വസന്തമെത്തി
നിന്‍ മുഖം കാണുവാന്‍ ആശപൂണ്ടു ഞാന്‍
ഒരു മാത്ര പോലും നീ
അരികത്തണഞ്ഞില്ല
കളിവാക്കു ഒന്നുമേ ചൊല്ലിയില്ല
എങ്കിലും തോഴാ നിന്‍ സ്വരമൊന്നു കേള്‍ക്കുവാന്‍
കാതരയായ് ഞാന്‍ കാതോര്‍ത്തുനിന്നു
പുതുമഴപോലൊരു സ്വപ്നമായി വന്നു നീ
എന്നെ കൊതിപ്പിച്ചു പോയ് മറഞ്ഞു
സ്വപ്നത്തിലൊരുവേള നിന്‍ മുഖം കണ്ടുവോ ?
അരുമയായ് ഒന്നുനീ പുഞ്ചിരിച്ചോ..?
അരികത്തു വന്നെന്റെ കരം കവര്ന്നോ..?
എന്‍ അനുവാദമില്ലാതെ അടുത്തിരുന്നോ..?
പിന്നെ നീ പാടിയ പാട്ടിന്‍ ശ്രുതികളില്‍
ഒരു താളലയമായ് ഒന്നലിഞ്ഞുചേരാന്‍
ആശിപ്പൂ ഞാനിന്നു
പ്രിയതോഴാ നീ
അരുതെന്ന് മാത്രമിന്നോതരുതേ
വിടപറഞ്ഞകലുന്ന സന്ധ്യയെ നോക്കി
മോഹഭാഗത്തോടുരുകുന്നു പകലിന്നു
മറയുന്ന ദൃശ്യങ്ങള്‍ പൊലിയുന്ന ഓര്‍മ്മകള്‍
നഷ്ട്ടസ്വപ്നത്തിന് ഈരടികള്‍.....!
